
ദോഹ: ഒക്ടോബർ 16 ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ഭക്ഷ്യസുരക്ഷാ രംഗത്തെ കൈവരിച്ച വൻ മുന്നേറ്റങ്ങൾ വ്യക്തമാക്കി നഗരസഭ മന്ത്രാലയം. ജൈവകൃഷിയുടെ വ്യാപ്തി വർദ്ധിപ്പിച്ചും സുസ്ഥിര സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുമാണ് ഭക്ഷ്യ ഉത്പാദനം ശക്തിപ്പെടുത്തുന്നത്. 2030-ഓടെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.2025-ലെ കണക്കുകൾ പ്രകാരം പൗൾട്രി (കോഴിയിറച്ചി/മുട്ട), പാൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ രാജ്യം 99% സ്വയംപര്യാപ്തത കൈവരിച്ചു. പുതിയ മത്സ്യ മേഖലയിൽ 67 ശതമാനവും പച്ചക്കറി ഉത്പാദനത്തിൽ 47 ശതമാനവുമാണ് നിലവിലെ നിരക്ക്.കൃഷി ഉത്പാദനക്ഷമത 30 ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 96 ഹെക്ടർ പ്രദേശത്ത് അത്യാധുനിക ഹരിതഗൃഹങ്ങൾ (Cooled Greenhouses) നിർമ്മിക്കും.സ്മാർട്ട് ജലസേചനം, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാർമിംഗ്, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ എന്നിവ കൂടുതൽ വ്യാപിപ്പിക്കും. കൃഷിയിൽ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും വിളവ് 10% വരെ വർദ്ധിപ്പിക്കാനും സഹായിക്കുന്ന മൈക്കോറൈസൽ ഫംഗസ് (Mycorrhizal root fungi) ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വിജയം കണ്ടിട്ടുണ്ട്.തന്ത്രപ്രധാനമായ ഭക്ഷ്യശേഖരത്തിന്റെ വിവര ശേഖരണത്തിന് ഡിജിറ്റൽ സംവിധാനങ്ങളും, സപ്ലൈ ചെയിൻ തടസ്സങ്ങൾ മുൻകൂട്ടി അറിയാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും നിലവിൽ വരും.കൃഷി മേഖലയിലെ അനാവശ്യ നഷ്ടങ്ങൾ കുറയ്ക്കാനും ഭക്ഷ്യവസ്തുക്കൾ പാഴാകുന്നത് തടയാനുമായി ദേശീയതലത്തിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും.
കർഷകർക്ക് ആവശ്യമായ പിന്തുണ നൽകിയും ശാസ്ത്രീയ ഗവേഷണങ്ങൾ പ്രയോജനപ്പെടുത്തിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സുസ്ഥിര വികസനവും ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് നഗരസഭ മന്ത്രാലയം വ്യക്തമാക്കി.










